സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് "പരിസ്ഥിതി അവബോധനവും വിദ്യാഭ്യാസവും" എന്ന പദ്ധതി ശീർഷകത്തിൻ കീഴിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് "പാരിസ്ഥിതികം".കർമ്മ പരിപാടികളിലൂടെ പരിസ്ഥിതി അവബോധനം ഉറപ്പാക്കുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. ഓരോ വർഷവും പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് തിരഞ്ഞെടുത്ത ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി നടപ്പിലാക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ഗവേഷണ സ്ഥാപനങ്ങൾ/ അംഗീകൃത സർക്കാർ/സർക്കാരേതര സ്ഥാപനങ്ങൾ/സംഘടനകൾ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഒറ്റക്കോ കൂട്ടായോ കർമ്മ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.
മാനദണ്ഡങ്ങൾ
-
പാരിസ്ഥിതിക വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സർക്കാരിതര സംഘടനകൾ, പരിശീലനകേന്ദ്രങ്ങൾ, പ്രൊഫഷണൽ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. വ്യക്തികൾക്കും, രജിസ്റ്റർ ചെയ്യാത്തതും മൂന്ന് വർഷത്തെ പ്രവർത്തന പരിചയമില്ലാത്തതുമായ സംഘടനകൾക്കും ഈ പദ്ധതിയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
-
ഒരു വർഷം മുതൽ രണ്ട് വർഷം വരെ ദൈർഘ്യമുള്ള പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കാവുന്നതാണ്.
-
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്ഥാപനങ്ങൾക്കും സമർപ്പിക്കുന്ന പദ്ധതികൾക്കനുസൃതമായി പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതാണ്. 40:40:20 എന്ന അനുപാതത്തിൽ മൂന്ന് ഗഡുക്കളായി ആണ് പദ്ധതി ധനസഹായം അനുവദിക്കുന്നത്. തദനുസരണം പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതും, നാഴികക്കല്ലുകൾ (Project Milestones) നിശ്ചയിച്ച് ആയതിന്റെ സമയക്രമം അടങ്ങിയ വിശദമായ പദ്ധതി രൂപരേഖ ഉൾപ്പെടെ സമർപ്പിക്കുകയും വേണം.
-
ആദ്യ ഗഡുവായി 40% തുകയും, വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി നാഴികക്കല്ലുകളിൽ (Project Milestones) 80% പൂർത്തീകരിച്ച് ഇടക്കാല റിപ്പോർട്ടും, ധനപരമായ രേഖകളും സമർപ്പിക്കുന്ന പക്ഷം ആയത് തൃപ്തികരമെങ്കിൽ രണ്ടാം ഗഡുവായ 40% തുകയും, സമർപ്പിച്ച പദ്ധതി രൂപരേഖ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി പരിപാടിയുടെ വിശദമായ റിപ്പോർട്ട്, ഫോട്ടോ, ലഘു വിഡിയോകൾ (പദ്ധതി നടപ്പാക്കുന്നതിന് മുൻപും പിൻപും ഉള്ള അവസ്ഥ വ്യക്തമാക്കുന്നത്), പത്ര വാർത്തകൾ, ഡേറ്റകൾ അടങ്ങിയ സ്പ്രെഡ്ഷീറ്റ്, KFC Form 44 ലുള്ള ധനവിനിയോഗ സാക്ഷ്യപത്രം (Utilization Certificate), ധനവിനിയോഗ പത്രിക (Expenditure Statement) എന്നിവ സമർപ്പിച്ചതിനു ശേഷം ആയത് വിലയിരുത്തി തൃപ്തികരമാണെങ്കിൽ അവശേഷിക്കുന്ന 20% തുകയും നൽകുന്നതായിരിക്കും.
-
അതത് പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച നിലവിലത്തെ സ്ഥിതി വെളിവാക്കുന്ന ചിത്രങ്ങൾ, ലഘു വീഡിയോ, നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ, പ്രസ്തുത പദ്ധതി നടപ്പാക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്നിവ വ്യക്തമാക്കുന്ന തരത്തിലുള്ളതായിരിക്കണം പദ്ധതി പ്രൊപ്പോസൽ.
-
പ്രൊപ്പോസലിനോടൊപ്പമുള്ള ബഡ്ജറ്റിൽ പദ്ധതി നിർവഹിക്കുന്നതിനായി അപേക്ഷകന്റെ ഭാഗത്തു നിന്നും വിനിയോഗിക്കാനുദ്ദേശിക്കുന്ന തുകയുടെയും ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
-
കർമ്മ പദ്ധതികളില്ലാത്തതും നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
-
സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിശോധിച്ചു പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനും അർഹമായ ധനസഹായം നൽകുന്നതിനുമുള്ള അധികാരം പൂർണ്ണമായും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നിക്ഷിപ്തമാണ്. ആവശ്യമെന്നു തോന്നുന്ന പ്രൊപ്പോസൽ സംബന്ധിച്ച വിശദാംശങ്ങൾ ആരായുന്നതിനായി കൂടിക്കാഴ്ച്ചക്കായി ഡയറക്ടറേറ്റിൽ ക്ഷണിക്കുന്നതാണ്.
-
തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ ഡയറക്ടറേറ്റുമായി നിശ്ചിതമാതൃകയിലുള്ള കരാറിൽ ഏർപ്പെടേണ്ടതാണ്.
-
തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ അതത് മാസത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രവർത്തന കലണ്ടർ (Activity Calendar) ഡയറക്ടറേറ്റിൽ വെബ് പോർട്ടൽ മുഖേന തന്നെ സമർപ്പിക്കേണ്ടതാണ്.
-
പദ്ധതിയിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങൾക്കു ആശയവിനിമയങ്ങൾ ഇ-മെയിൽ മുഖേന കൈമാറുന്നതാണ്.
-
ഈ കാര്യാലയത്തിൽ നിന്നും അനുവദിക്കുന്നതും, അപേക്ഷകന്റെ വിഹിതവും ഉൾപ്പെടെ മൊത്തം തുകയും ചെലവഴിച്ചതിന്റെ രേഖകൾ സഹിതം ആണ് ധനവിനിയോഗ രേഖകൾ (UC & ES) സമർപ്പിക്കേണ്ടത്.
-
സർക്കാരിതര സ്ഥാപനങ്ങൾ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഓഡിറ്റ് ചെയ്ത ധനവിനിയോഗ രേഖകളാണ് സമർപ്പിക്കേണ്ടത്.
-
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാത്തതും ഭാഗികമായി പദ്ധതി നടപ്പാക്കുന്നതുമായ സ്ഥാപനങ്ങൾക്ക് തുടർ ധനസഹായം നൽകുന്നതല്ല. പ്രസ്തുത സ്ഥാപനങ്ങൾ അനുവദിച്ച തുക 18% പലിശ സഹിതം തിരിച്ചടക്കേണ്ടതാണ്.
-
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കേണ്ടതും, വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന എല്ലാ രേഖകളിലും ആശയവിനിമയ ഉപാധികളിലും പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ പേരുകൂടി ആലേഖനം ചെയ്യേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടക്കുമ്പോൾ ആ വിവരം മൂന്നാഴ്ച മുൻപെങ്കിലും ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തേണ്ടതുമാണ്.