പരിസ്ഥിതിമിത്രം പുരസ്‌കാരവും മാർഗ്ഗനിർദ്ദേശങ്ങങ്ങളും

പരിസ്ഥിതിമിത്രം പുരസ്കാരത്തെക്കുറിച്ച്

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരം.

വിവിധ വിഭാഗങ്ങളിലായി 6 പുരസ്‌കാരങ്ങളാണ് നൽകുക. ഇതിൽ 4 എണ്ണം വ്യക്തിഗത പുരസ്കാരങ്ങളും 2 എണ്ണം സ്ഥാപനങ്ങൾക്കുള്ളതുമാണ്. പരിസ്ഥിതി സംരക്ഷക പുരസ്‌കാരം, പരിസ്ഥിതി പത്ര പ്രവർത്തക പുരസ്‌കാരം, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തക പുരസ്‌കാരം, പരിസ്ഥിതി ഗവേഷക പുരസ്‌കാരം, പരിസ്ഥിതി സംരക്ഷണ സ്ഥാപന പുരസ്‌കാരം, തദ്ദേശ സ്വയം ഭരണസ്ഥാപന പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. 1,00,000/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


പുരസ്കാരങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ

  • വ്യക്തിഗത പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നത് ഇന്ത്യൻ പൗരത്വമുള്ളവരും കേരളത്തിൽ പ്രവർത്തിക്കുന്നവരുമായ വ്യക്തികളെ മാത്രമായിരിക്കും. കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയായിരിക്കും സ്ഥാപന പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുക.
  • വ്യക്തിഗത പുരസ്കാരങ്ങൾക്കായി വ്യക്തികളിൽ നിന്ന് നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ലാഭേച്ഛ കൂടാതെ (വാണിജ്യാടിസ്ഥാനത്തിലല്ലാതെ) നിർവ്വഹിക്കുന്നവർക്കായിരിക്കും പുരസ്‌കാരത്തിന് അർഹതയുണ്ടാവുക.
  • തെരഞ്ഞെടുക്കപ്പെട്ട പുരസ്‌കാര കമ്മിറ്റിയായിരിക്കും അപേക്ഷകൾ വിലയിരുത്തി പുരസ്കാരങ്ങൾ നിർണ്ണയിക്കുക. കമ്മിറ്റിയുടെ വിലയിരുത്തൽ അന്തിമമായിരിക്കും.
  • നിർദ്ദേശിക്കുന്ന വ്യക്തി/ സ്ഥാപനം പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുവാൻ അർഹതയുള്ള പ്രവർത്തനങ്ങൾ ചുരുക്കി രണ്ട് പേജിൽ കവിയാതെ തയ്യാറാക്കി അപേക്ഷയോടൊപ്പം നൽകണം. കൂടാതെ പ്രവർത്തനങ്ങൾ സംബന്ധിച്ച പത്ര റിപ്പോർട്ടുകളുടെ പകർപ്പ്, വീഡിയോകൾ എന്നിവയും വ്യക്തിയുടെ/ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് ബോധ്യമുള്ള രണ്ട് പ്രമുഖ വ്യക്തികളുടെ മേൽവിലാസവും ഫോൺ നമ്പറും, ഇ-മെയിൽ വിലാസവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  • സമർപ്പിക്കുന്ന അപേക്ഷകളിലോ അനുബന്ധരേഖകളിലോ എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ചുമതലപ്പെടുത്തുന്ന അവാർഡ് നിർണ്ണയ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അപേക്ഷകൾ നിരസിക്കുന്നതാണ്. പുരസ്കാര നിർണ്ണയത്തെ സംബന്ധിക്കുന്ന അന്തിമ തീരുമാനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ നിക്ഷിപ്തമായിരിക്കും.
  • എന്തെങ്കിലും വിഭാഗത്തിൽ രണ്ട് നോമിനേഷനുകൾ തുല്യമായ സംഭാവനകൾ നല്കിയിട്ടുള്ളതായി പുരസ്കാര നിർണ്ണയ കമ്മിറ്റി കണ്ടെത്തി പേരുകൾ നിർദ്ദേശിച്ചാൽ പുരസ്കാര തുക തുല്യമായി വീതിച്ചു നൽകുന്നതാണ്. ഏതെങ്കിലും വിഭാഗത്തിൽ പുരസ്‌കാരത്തിന് പരിഗണിക്കത്തക്ക യോഗ്യതകളുള്ള അപേക്ഷകൾ ഇല്ലെങ്കിൽ പ്രസ്തുത വിഭാഗത്തിൽ ആ വർഷം പുരസ്കാരങ്ങൾ നൽകുന്നതല്ല.
  • മേൽപ്പറഞ്ഞ പുരസ്കാരങ്ങൾക്കെല്ലാം പരിസ്ഥിതി സംരക്ഷണരംഗത്തെ ആജീവനാന്ത പ്രവർത്തനങ്ങൾ ആണ് പരിഗണിക്കുന്നതെങ്കിലും പുരസ്കാരം നൽകുന്ന വർഷത്തെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതാണ്.
  • പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിർദ്ദേശത്തിനായി വ്യക്തിപരമായ ശുപാർശ നൽകിയിട്ടില്ലെന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി തൻറെ ബന്ധുവല്ലെന്നുമുള്ള സത്യപ്രസ്താവന നാമനിർദ്ദേശം ചെയ്യുന്നയാൾ/സംഘടന നാമനിർദ്ദേശത്തോടൊപ്പം സമർപ്പിക്കേണ്ടതാണ്.
    • വ്യക്തിഗത പുരസ്കാരങ്ങൾ

      1. പരിസ്ഥിതി സംരക്ഷക പുരസ്‌കാരം

        ജലാശയങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, സമുദ്രതീരദേശ ആവാസവ്യവസ്ഥകൾ, വനങ്ങൾ, കൊറ്റില്ലങ്ങൾ, കാവുകൾ തുടങ്ങിയ പ്രകൃതി സമ്പത്തുകളെ സംരക്ഷിക്കുകയോ അവ സ്വയമേവ രൂപപ്പെടുത്തി ലാഭേച്ഛ കൂടാതെ സംരക്ഷിക്കുകയോ, നാശോന്മുഖമായവയെ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന കേരളത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് പരിസ്ഥിതി സംരക്ഷക പുരസ്‌കാര വിഭാഗത്തിൽ പരിഗണിക്കുക. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ നടത്താതെ പ്രചരണത്തിൽ മാത്രം ഏർപ്പെട്ടിരിക്കുന്നവരെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നതല്ല.

      2. പരിസ്ഥിതി പത്ര പ്രവർത്തക പുരസ്‌കാരം

        തൊഴിൽപരമായി പരിസ്ഥിതി മേഖല ഉൾപ്പെടുത്തി കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പത്രപ്രവർത്തകരെ ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നതാണ്. അപേക്ഷയോടൊപ്പം പുരസ്‌കാര വർഷത്തിൽ അപേക്ഷകൻ പ്രസിദ്ധീകരിച്ച കേരള സംസ്ഥാനത്തിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, ഫീച്ചറുകൾ, പംക്തികൾ മുതലായവയുടെ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം.

      3. പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തക പുരസ്‌കാരം

        കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത ദൃശ്യ മാധ്യമ പ്രവർത്തകരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിയ്ക്കുക. ദൃശ്യ മാധ്യമങ്ങൾ വഴി കേരളത്തിലെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ പുരസ്‌കാര വർഷത്തിൽ സംപ്രേക്ഷണം ചെയ്ത വീഡിയോകൾ, ഡോക്യുമെൻ്ററികൾ, പരമ്പരകൾ, ഷോർട്ട് ഫിലിമുകൾ, ദൃശ്യ മാധ്യമ റിപോർട്ടുകൾ എന്നിവയ്ക്ക് മുൻഗണന നൽകിയാവും പുരസ്‌കാര നിർണ്ണയം.

      4. പരിസ്ഥിതി ഗവേഷക പുരസ്‌കാരം

        കേരള സംസ്ഥാനത്തിൻ്റെ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുകയും സാമാന്യ ജനങ്ങളുടെ ജീവിതത്തിന് ഉന്നമനം ഉണ്ടാകുന്ന ഗവേഷണ ഫലങ്ങൾ ഉരുത്തിരിച്ചെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഈ പുരസ്കാരം കേരളത്തിൽ പ്രവർത്തിക്കുന്ന ഗവേഷകർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

      സ്ഥാപനതല പുരസ്കാരം

      1. പരിസ്ഥിതി സംരക്ഷണ സ്ഥാപന പുരസ്കാരം

        പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന സർക്കാർ, എയ്‌ഡഡ്, അൺ- എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗ്രാൻറ്-ഇൻ-എയ്‌ഡ്‌ സ്ഥാപനങ്ങൾ, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനകൾ എന്നിവയെയാണ് ഈ രംഗത്ത് പരിഗണിക്കുക. ഇതു സംബന്ധിച്ച് രേഖയുടെ പകർപ്പ് അപേക്ഷക്കൊപ്പം ഹാജരാക്കണം. സംഘടനകൾ കേരളത്തിനുള്ളിൽ പ്രവർത്തിക്കുന്നവയായിരിക്കണം. പ്രാദേശികമോ സംസ്ഥാനത്ത് ഒട്ടാകെ ബാധിക്കുന്നതോ ആയ പാരിസ്ഥിതിക പ്രശ്നങ്ങളിലെ ഇടപെടലുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയെ മാനദണ്ഡമാക്കിയായിരിക്കും പുരസ്കാരം നിർണ്ണയിക്കുക.

      2. തദ്ദേശ സ്വയംഭരണസ്ഥാപന പുരസ്കാരം

        പരിസ്ഥിതി സംരക്ഷണരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, നഗരസഭാകോർപ്പറേഷനുകൾ എന്നിവയെയാണ് ഈ രംഗത്ത് പരിഗണിക്കുക. ശുചിത്വ മാലിന്യസംസ്കരണം, ജൈവ വൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെ മാനദണ്ഡമാക്കിയായിരിക്കും പുരസ്കാരം നിർണ്ണയിക്കുക.